Monday, November 20, 2006

പപ്പായത്തോരന്‍

പപ്പായ ആരോഗ്യത്തിന് നല്ലൊരു വസ്തുവാണ്. സൌന്ദര്യത്തിനും. പപ്പായ, പഴുത്തതും പച്ചയും ഒക്കെ ഉപയോഗിക്കാം. പപ്പായയില്‍ നാരുകള്‍ ഉണ്ട്. പിന്നെ പഴുത്ത പപ്പായയില്‍ വിറ്റാമിന്‍ എ, ബി, സി, എന്നിവ ഉണ്ട്.

പച്ച പപ്പായ ചെറിയ കഷണങ്ങളാക്കി മുറിക്കുക.

ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ( പാചകയെണ്ണ) ഒഴിച്ച് ചൂടാവുമ്പോള്‍ കുറച്ച് ഉഴുന്നുപരിപ്പ് (ഒരു ചെറിയ പപ്പായയ്ക്ക് 1-2 ടീസ്പൂണ്‍ മതി) ഇടുക.

മൊരിഞ്ഞ് തുടങ്ങുമ്പോള്‍ കടുകും, വറ്റല്‍മുളക് പൊട്ടിച്ചതും ഇടുക. കറിവേപ്പിലയും.

മൊരിഞ്ഞാല്‍ പപ്പായക്കഷണങ്ങള്‍ ഇടുക. ഉപ്പും, മഞ്ഞള്‍പ്പൊടിയും ഇടുക.

നന്നായി ഇളക്കിയോജിപ്പിച്ചതിനുശേഷം, കുറച്ച് വെള്ളം ഒഴിച്ച് അടച്ച് വച്ച് വേവിക്കുക.

ഇടയ്ക്ക് വെന്തോ എന്ന് നോക്കുക. വെന്തെങ്കില്‍ അടപ്പ് മാറ്റി വെള്ളം തീരെയില്ലാതെയാക്കുക.

വാങ്ങിവെച്ചതിനുശേഷം ചിരവിയ തേങ്ങ ഇടുക. യോജിപ്പിക്കുക.

വെള്ളം അത്യാവശ്യത്തിനേ ചേര്‍ക്കാവൂ. അധികമായാല്‍ അധികം വെന്തുപോകും. സ്വാദും പോകും.

3 comments:

സുഗതരാജ് പലേരി said...

ഒരുകാലത്ത് എന്‍റെ വീട്ടിലെ സ്ഥിരം കറിയായിരുന്നു ഇത്. എന്‍റെ നാട്ടില്‍ (ചെറുപുഴ) ഇതിന് കപ്പക്ക എന്നും കപ്ലങ്ങ എന്നും പറയും. കപ്പക്ക ഉപ്പേരിയും, കപ്പക്ക പുളിശ്ശേരിയും, കപ്പക്ക സാമ്പാറും കൂട്ടി മടുത്തിട്ടുണ്ടായീരുന്നു. ഞങ്ങളുടെ പറമ്പില്‍ ഇതൊരുപാടുണ്ടായിരുന്നു, ഞങ്ങളൊക്കെ റബ്ബര്‍ ടാപ്പിംഗ് പഠിച്ചത് ഈ മരത്തില്‍ കുത്തിയാണ്. അങ്ങിനെ ഇതിന് വംശനാശവും നേരിട്ടു. ഇന്നോര്‍ക്കുമ്പോള്‍, ഈ കറി കൂട്ടാന്‍, കൊതിതോന്നുന്നു.

അതുല്യ said...

സൂ വേ ഇങ്ങനെ കൊതിപ്പിയ്കാതെ, ഇത്‌ വളരെ വളരെ ചുരുക്കമേ ഇവിടെ കിട്ടു. ഇത്തവണ മുത്തശ്ശനു കൂട്ടു നിന്നപ്പോ അമ്മ പറഞ്ഞു, പണ്ട്‌ അമ്മ കല്ല്യാണം കഴിഞ്ഞ്‌ തിരിച്ച്‌ ഭര്‍ത്ത്‌ വീട്ടീന്ന് പോകുമ്പോ വേലക്കാരൊക്കെ പറയുമ്ന്ന് അവളു വരുന്നു, പപ്പങ്ങ ഒക്കെ പറിച്ച്‌ തോരന്‍ വയ്കണം ന്ന്, പിന്നെ അവിയല്‍, വറത്തരച്ച്‌ കൂട്ടാനൊക്കെയുണ്ടാക്കും. പാവം അമ്മമ്മ ഒരുപക്ഷെ അച്ഛ്കനോടൊപ്പം 70 കൊല്ലമുമ്പ്‌ ഉണ്ടായ ആദ്യ നാളുകള്‍ ഓര്‍ത്ത്‌ പോയതാവാം പപ്പങ്ങയിലൂടെ. ഞങ്ങല്‍ മോരൊഴിച്ച്‌ രസ കാളാനുണ്ടാക്കും അല്‍പം പഴുത്ത പപ്പങ്ങയിട്ട്‌.. സൂവെ എന്റെ മൂഡ്‌ കളഞ്ഞു ഈ പപ്പങ്ങ.. നാട്ടീ പോണ ഇത്തിരിയോട്‌ പറഞ്ഞാലോ? പപ്പായയില്‍ ആണ്‍ പപ്പായ പെണ്‍ പപ്പായ എന്നൊക്കെയുണ്ട്‌ എന്നാണു പറയാറു. ആവോ.

ഈയ്യിടെ കൊച്ചി ഫ്ലാറ്റില്‍ ഒരു താമസക്കാരു പപ്പായ തൊലി കളഞ്ഞ്‌ സൂല്ലു ചിരണ്ടുന്ന (ഹ ഹ തേങ്ങ ചുരണ്ടുന്ന പോലെ) ചുരണ്ടി തേങ്ങ തിരുമ്മി തോരന്‍ വയ്കുന്ന് കേട്ടു. അതും ആവോ...കൈ ഒക്കെ തോലു പോവില്യേ ?

ഓ ടോ....
തമാശയാട്ടോ

ഇടയ്ക്ക് വെന്തോ എന്ന് നോക്കുക. വെന്തെങ്കില്‍ അടപ്പ് മാറ്റി വെള്ളം തീരെയില്ലാതെയാക്കുക. !!!

വെന്തോ എന്ന് നോക്കാന്‍ ഭര്‍ത്താവിനെ കൊണ്ട്‌ കൈ താഴ്തി നോക്കാന്‍ പറയുക. അയ്യോ ന്ന് നിലവിളിച്ചാ വെന്തൂന്ന് അര്‍ഥം.!!

സു | Su said...

സുഗതരാജ് :) ഇത്, ഞങ്ങളുടെ വീട്ടില്‍ എല്ലാവര്‍ക്കും ഒരുവിധം ഇഷ്ടമുള്ളതാണ്. അമ്മയുടെ വീട്ടില്‍ ഉണ്ട്. അവിടെ നിന്ന് കൊണ്ടുവരാന്‍ പറ്റിയില്ലെങ്കില്‍ കടയില്‍നിന്ന്. ഇത് ഇഷ്ടമുള്ളവര്‍ വേറെയും ഉണ്ട് എന്നറിയുമ്പോള്‍ സന്തോഷം.

അതുല്യേച്ചീ :) ഇഷ്ടമാണെന്നറിഞ്ഞതില്‍ സന്തോഷം. ഞങ്ങളും മിക്കവാറും കടയില്‍ നിന്നാണ്. കൊച്ചിയില്‍ കൈകൊണ്ടല്ലാതെ ചുരണ്ടുന്ന യന്ത്രം കിട്ടില്ലേ?

“ഓ ടോ....
തമാശയാട്ടോ

ഇടയ്ക്ക് വെന്തോ എന്ന് നോക്കുക. വെന്തെങ്കില്‍ അടപ്പ് മാറ്റി വെള്ളം തീരെയില്ലാതെയാക്കുക. !!!

വെന്തോ എന്ന് നോക്കാന്‍ ഭര്‍ത്താവിനെ കൊണ്ട്‌ കൈ താഴ്തി നോക്കാന്‍ പറയുക. അയ്യോ ന്ന് നിലവിളിച്ചാ വെന്തൂന്ന് അര്‍ഥം.!!”



അതിന് ശര്‍മ്മാജി കേരളത്തില്‍ വരുമ്പോള്‍ ഇത് ഞാനുണ്ടാക്കുമോന്ന് ആര്‍ക്കറിയാം. ഹി ഹി ഹി.
(ഇതും തമാശയാണേ)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]