Friday, February 20, 2009

മുതിര കായത്തോൽ ഉപ്പേരി

കായ വറുക്കാനെടുത്തുകഴിഞ്ഞാൽ അതിന്റെ തോലു ബാക്കിയുണ്ടാവും. അത്എറിഞ്ഞുകളയുകയാണോ നിങ്ങൾ ചെയ്യാറ്? എന്നാൽ ഇനി മുതൽ അങ്ങനെ ചെയ്യരുത്. ഞങ്ങളൊക്കെച്ചെയ്യുന്നത്, ഒന്നുകിൽ അത് മുറിച്ച് തോരൻ വയ്ക്കും, അല്ലെങ്കിൽ കുറച്ച് നീളത്തിലരിഞ്ഞ് ഉണക്കി കൊണ്ടാട്ടം ഉണ്ടാക്കും.

കായത്തോൽ അല്ലെങ്കിൽ കായത്തൊലി, കായത്തോട് എന്നൊക്കെപ്പറയുന്നുണ്ടാവും. എന്തായാലും കായയുടെ തൊലി തന്നെ.

അതുകൊണ്ട് ഇപ്പോഴൊരു കായത്തോൽ/ കായത്തൊലി - മുതിരത്തോരൻ/ഉപ്പേരി വയ്ക്കാം. മുതിരയിഷ്ടമുള്ളവർക്ക് നന്നായി ഇഷ്ടപ്പെടും. അല്ലാത്തവർക്കും ഇഷ്ടപ്പെടും.




മുതിര
കായത്തോൽ
ഉപ്പ്
ചുവന്ന മുളക്
മഞ്ഞൾപ്പൊടി, മുളകുപൊടി
വറവിടാൻ ആവശ്യമായത് .
ഇവയൊക്കെ വേണം.

മുതിര തലേന്ന് വെള്ളത്തിലിട്ട് വയ്ക്കണം.

പിറ്റേദിവസം, കായത്തോൽ കുഞ്ഞുകുഞ്ഞായി നുറുക്കിയെടുക്കണം. കഴുകി കറയൊക്കെപ്പോക്കണം. മുതിര കഴുകിയെടുക്കണം. ചിലപ്പോൾ നല്ലോണം കല്ലുണ്ടാവും അതിൽ. അതൊക്കെക്കളഞ്ഞെടുക്കണം. കായത്തോൽ നല്ല പച്ചയായിരിക്കുമ്പോളെടുക്കണം. വാടിപ്പോകാൻ നിൽക്കരുത്. ഇവിടെ കുറച്ച് പച്ച കുറഞ്ഞു.



മുതിര ആദ്യം ഒരുപാത്രത്തിൽ ഇട്ട്, അത് മുങ്ങിക്കിടക്കുന്ന വെള്ളം ഒഴിക്കുക. തോരന് ആവശ്യമുള്ള മഞ്ഞൾപ്പൊടി ഇടുക. മുളകുപൊടിയും ഇടുക (ഞാൻ ഇടാറില്ല). എന്നിട്ട് കഴുകിയ കായത്തോൽ അതിനു മുകളിൽ ഇടുക. കുക്കറിൽ നന്നായി വേവിക്കുക. മുതിരയിൽ ഒഴിച്ച വെള്ളംകൊണ്ട് കായത്തോലും വെന്തോളും. അതിന് അധികം വേവൊന്നും ഇല്ലല്ലോ. വെന്താൽ അതിൽ ഉപ്പ് ഇടുക. നന്നായി ഇളക്കിയോജിപ്പിക്കുക. വെള്ളം ഉണ്ടെങ്കിൽ നിന്നോട്ടെ.

വറവിടുമ്പോൾ ഒക്കെ പോയിക്കോളും. ഉപ്പ് പിടിക്കുകയും വേണമല്ലോ.

വറവിടാൻ ഒരുക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ ആദ്യം ഉഴുന്നുപരിപ്പ് ഇടുക. അത് ചുവന്നാൽ കടുകും ചുവന്ന മുളക് പൊട്ടിച്ചതും ഇടുക. അത് പൊട്ടിത്തെറിക്കുമ്പോൾ കറിവേപ്പിലയും ഇടുക. അതിലേക്ക് മുതിര കായത്തോൽ കൂട്ട് ഇടുക. അടച്ച് വെള്ളം വറ്റുന്നതുവരെ വേവിക്കുക. വെള്ളമില്ലെങ്കിൽ വറവിലേക്കിട്ട് വഴറ്റിയെടുത്ത്, അടുപ്പിൽ നിന്നു വാങ്ങി, തേങ്ങ ചിരവിയത് ഇടുക.



വറവിടുമ്പോളും വെള്ളം വറ്റിക്കുമ്പോഴും തീ കുറച്ച് വയ്ക്കുക.

നല്ല സ്വാദുണ്ടാവും ഈ ഉപ്പേരിക്ക് അഥവാ തോരന്.

4 comments:

ശ്രീ said...

ഇത് വീട്ടില്‍ വച്ച് (ഓണക്കാലത്താണ് കൂടുതലും) ഇടയ്ക്ക് അമ്മ ഉണ്ടാക്കാറുണ്ട്.

പക്ഷേ ഇതു കൊണ്ട് കൊണ്ടാട്ടം ഉണ്ടാക്കുന്നതെങ്ങനെ എന്നറിയില്ല. ഇനി അത് കൂടി ഒരു പോസ്റ്റിടണേ...
:)

സു | Su said...

ശ്രീ :) ഒരുമിച്ച് കുറേ കായത്തോൽ ഉണ്ടാവുമ്പോൾ പോസ്റ്റിടാം.

മേരിക്കുട്ടി(Marykutty) said...

മുതിര കുറൂറു ന്റെ favorite ആണ്..
ഈ തോരന്, തേങ്ങ വേണ്ടേ?? ഇവിടെ കിട്ടുന്ന വലിയ കായ(ഏത്തന്‍് അല്ല)യുടെ തോല് കൊണ്ടും ഉപ്പേരി വയ്ക്കുമോ??

സു | Su said...

മേരിക്കുട്ടീ :) തേങ്ങയിട്ടല്ലോ. ഇല്ലെങ്കിലും സാരമില്ല. ഇടുന്നതാണ് സ്വാദ്. നല്ല പച്ചത്തോൽ ചെറുതായിട്ടരിഞ്ഞ് വയ്ക്കൂ. ശരിയാവുമായിരിക്കും.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]